ഈ പേജ് സന്ദർശിക്കുന്നവർ കുട്ടികളുടെ എഴുത്തുകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എഴുതാൻ മറക്കരുതേ...

Sunday, August 18, 2013

ബാങ്ക് അക്കൗണ്ട് ഇങ്ങനെയും.....

മിശാല്‍. വി (9 ഐ, 2013-14)

    ദിവസവും രാവിലെ 86400 രൂപ സൗജന്യമായി ചേര്‍ത്ത് തരുന്ന ബാങ്ക് അക്കൗണ്ട് ‌നിങ്ങള്‍ക്കുണ്ടെന്ന് സങ്കല്‍പ്പിക്കുക. കര്‍ശനമായൊരു വ്യവസ്ഥ അക്കൗണ്ടിനുണ്ട്. പണം മുഴുവനും അതതു ദിവസം തന്നെ ചെലവാക്കിക്കൊള്ളണം. പിറ്റേന്നത്തേക്ക് ഒരു രൂപ പോലും നീക്കിവെച്ചു കിട്ടില്ല. ഉപയോഗിക്കാതെ മിച്ചം വരുന്ന തുക താനെ അപ്രത്യക്ഷമാകും. ഈ നിബന്ധനയുണ്ടെങ്കില്‍ എന്തായിരിക്കും നിങ്ങള്‍ ചെയ്യുക. പണം മുഴുവനും അതതു ദിവസം ഫലപ്രദമായി ചെലവഴിക്കാന്‍ പരമാവധി ശ്രമിക്കും....
    ഇതു സങ്കല്‍പമല്ല. യഥാര്‍ത്ഥത്തില്‍ നമുക്കെല്ലാം ഇങ്ങനെ ഒരു അക്കൗണ്ട് ഉണ്ട്.
രൂപയല്ല, പകരം 86400 സെക്കന്‍റുകളാണെന്നു മാത്രം. 24 മണിക്കൂറിനു തുല്യമായ ഇത്രയും സെക്കന്‍റില്‍ ഒന്നു പോലും അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാന്‍ വയ്യ. നാളത്തേതില്‍ നിന്ന് ഒരു സെക്കന്‍റ് പോലും ഓവര്‍ ഡ്രാഫ്റ്റ് എടുക്കാനും സാധ്യമല്ല.  ഈ നേരം മുഴുവന്‍ ആവുന്നിടത്തോളം പ്രയോജനപ്രദമാക്കുന്നതില്‍ നാം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
    സമയത്തിനെന്തു പ്രാധാന്യം എന്നു തെറ്റായി ചിന്തിക്കുന്നവരുണ്ട്. റോഡപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടയാളോട് ഒരു സെക്കന്റിന്റെ വില ചോദിച്ചു നോക്കൂ.... അയാള്‍ ഉടന്‍ വാചാലനാകും. ഇന്റര്‍വ്യൂവിനു പോകാന്‍ സ്റ്റേഷനില്‍ ഓടിയെത്തിയപ്പോള്‍ വിട്ടു പോയ ട്രയിനിന്റെ പിന്‍ഭാഗം കാണാനിടയാവുന്നയാള്‍ക്ക് ഒരു മിനിറ്റിന്റെ വില ബോധ്യപ്പെടും. രോഗാതുരയായ അമ്മ മരണത്തിന്റെ വക്കിലെത്തിക്കഴിഞ്ഞെന്ന ഇ-മെയില്‍ കിട്ടി വീട്ടിലേക്ക് കുതിക്കുന്ന മകനോട് ഒരു മണിക്കൂറിന്റെ വില ചോദിക്കൂ..ഏതെങ്കിലും ആഴ്ചപ്പതിപ്പിന്റെ പത്രാധിപരോട് ചോദിച്ചാല്‍ ഒരാഴ്ചയുടെ പ്രാധാന്യം പറഞ്ഞു തരും. ഒരു മാസം മുമ്പേ പ്രസവിക്കപ്പെട്ട കുഞ്ഞിനെപ്പറ്റി ആശങ്കപ്പെടുന്ന അമ്മക്ക് ഒരു മാസത്തിന്റെ വിലയറിയാം. ഒരു ക്ലാസില്‍ തോറ്റു സഹപാഠികളെല്ലാം ഉയര്‍ന്ന ക്ലാസില്‍ എത്തിയതു കാണുന്ന വിദ്യാര്‍ത്ഥി ഒരു വര്‍ഷത്തെയോര്‍ത്ത് അങ്ങേയറ്റം വിഷമിക്കും, തീര്‍ച്ച!
    കാലം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല. സൂര്യോദയത്തെയും ആസ്തമയത്തെയും ആര്‍ക്കാണ് നിയന്ത്രിക്കാനാവുക..? ശാസ്ത്രത്തിലെ ഏറ്റവും മുന്തിയ കണ്ടുപിടുത്തത്തിനു പോലും സൂര്യന്റെ ചലനത്തില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ല. അതു കൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും നാം വളരെ ശ്രദ്ധയോടെ ഉപയോഗപ്പെടുത്തണം.



1 comment: